Friday, March 24, 2017

പരീക്ഷകള്‍ക്കുള്ള മാതൃകാ ചോദ്യങ്ങള്‍

1. ഭാഷാ സ്വാംശീകരണവും ഭാഷാ പഠനവും തമ്മിലുള്ള വ്യത്യാസമെന്ത്?
2. ഭാഷാ സ്വാംശീകരണവും വൈജ്ഞാനിക വികസനവും തമ്മിലുള്ള ബന്ധമെന്ത്?
3. പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തം ഭാഷാ പഠനത്തില്‍ എങ്ങനെ പ്രയോഗിക്കാം?
4. ബ്രുണറുടെ വൈജ്ഞാനിക സിദ്ധാന്തം ഭാഷാ പഠനത്തില്‍ എങ്ങനെ പ്രയോഗിക്കുന്നു?
5. നോം ചോംസ്കിയുടെ ഭാഷ വികസന സിദ്ധാന്തം വിവരിക്കുക.
6. പൌലോ ഫ്രെയറിന്‍റെ 'ക്രിട്ടിക്കല്‍ പെടഗോഗി' ഭാഷാ ക്ലാസ്സുകളില്‍ എങ്ങനെ പ്രയോഗിക്കാം?
7. ബഹുതര ബുദ്ധി സിദ്ധാന്തം ഭാഷാ ക്ലാസ്സുകളില്‍ എങ്ങനെ പ്രയോഗിക്കാം?
8. ബഹുതര ബുദ്ധി സിദ്ധാന്തം അടിസ്ഥാനമാക്കി ഭാഷാ ക്ലാസുകളില്‍ നല്‍കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?
9. ബ്ലൂമ്സിന്‍റെ 'റിവൈസ്ഡ് ടാക്സോണമി' വിവരിക്കുക.
10. ഉദ്ദേശ്യാധിഷ്ഠിത ബോധനം വിവരിക്കുക
11. പ്രക്രിയാധിഷ്ഠിത ബോധനം വിവരിക്കുക.
12. പരിണാമാധിഷ്ഠിത പഠനം  വിവരിക്കുക.
13. വ്യാകരണം പഠിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത്?
14. തര്‍ജ്ജമ/ വിവര്‍ത്തനം ത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
15. പ്രത്യക്ഷ രിതിയും ശ്രാവ്യ ഭാഷാ രിതിയും വിവരിക്കുക.
16. സാന്ദര്‍ഭിക ഭാഷാ ബോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
17. പ്രവര്ത്തനാധിഷ്ഠിത സമീപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
18. പ്രകൃത്യാലുള്ള സമീപനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം ?
19. ടോട്ടല്‍ ഫിസികല്‍ റെസ്പോന്‍സ്‌ ഉം സൈലന്റ് വേ യും വിവരിക്കുക.
20. മാനവിക സമീപനം ഭാഷാ പഠനത്തില്‍ അനിവാര്യമോ?
21. സഹാവര്ത്തിത്വ പഠനവും സഹകരനത്മക പഠനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
22. സമ്പൂര്‍ണ്ണ ഭാഷാ സമീപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
23. വ്യവഹാരാധിഷ്ഠിത ബോധാനശാസ്ത്രത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?
24. ഭാഷാ പഠനത്തില്‍ വ്യവഹാരങ്ങളുടെ പ്രധാന്യമെന്ത്?
25. ഭാഷാ വ്യവഹാര രൂപങ്ങള്‍ ഏവ? ഏതെങ്കിലും അഞ്ചെണ്ണം വിവരിക്കുക?
26. ശ്രദ്ധാ നൈപുണി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ?
27. വിവിധ തരം ശ്രദ്ധാ നൈപുണികള്‍ വിവരിക്കുക.
28. നയന വിസ്തൃതി നയന കേന്ദ്രീകരണം അധോഗമനം എന്നിവ വ്യക്തമാക്കുക.
23. വായന ഒരേ സമയം ക്രിയാത്മക നൈപുണിയും സ്വീകരണ നൈപുണിയുമാണ്. വ്യക്തമാക്കുക.
24. വായന അഭ്യസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ?
25. വിവിധ തരം വായനാ രീതികള്‍ വിവരിക്കുക.
26. ഭാഷണ വികസനം നടക്കുന്ന ഘട്ടങ്ങള്‍ ഏതെല്ലാം ?
27. ഭാഷണ ശിക്ഷണത്തിന് പ്രൈമറി/ അപ്പര്‍ പ്രൈമറി/ സെക്കന്ററി  ഘട്ടത്തില്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
28. ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാം?
29. ഉച്ചാരണം അഭ്യസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
30. ശബ്ദാവലി പോഷിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
31. അക്ഷര ലേഖനത്തിനുള്ള വിവിധ രീതികള്‍ എന്തെല്ലാം?
32. കുട്ടികള്‍ക്ക് ലേഖനത്തില്‍/എഴുത്തില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്തെല്ലാം? അദ്ധ്യാപകന് അവ എങ്ങനെ പരിഹരിക്കാം?
33. നല്ല കയ്യക്ഷരത്തിനു ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാം?
34. അക്ഷരത്തെറ്റിനുള്ള കാരണങ്ങള്‍ എന്തെല്ലാം? അക്ഷര തെറ്റ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
35. ഉച്ചാരണവും സ്വരഭേദവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
36. കേരളത്തിലെ സ്കൂളുകളില്‍ മള്‍ട്ടി ലാന്ഗേജ് ടെക്നോളജി പരിശീലനം എങ്ങനെയാണ്? വിവരിക്കുക.
37. വിവിധ തരം ബോധന മാതൃകകള്‍ വിവരിക്കുക.
38. പ്രത്യേക പരിഗണന ആവശ്യമുള്ള/ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി ഭാഷാ ക്ലാസ്സുകളില്‍ സ്വീകരിക്കാവുന്ന ബോധനരീതികള്‍ എന്തെല്ലാം?
39. ഫലവത്തായ ആശയവിനിമയത്തിനു തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
40. അദ്ധ്യാപകന്‍ ഒരു ഫലവത്തായ ആശയവിനിമയ മാധ്യമം ആകുന്നതെങ്ങനെ?
41. വിവിധ തരം പാഠ്യ പദ്ധതികള്‍ വിവരിക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പാഠ്യ പദ്ധതി എങ്ങനെയുള്ളതായിരിക്കണം?
42. എന്‍. സി. എഫ് 2005 ലും കെ.സി.എഫ് 2007 ലും ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഷാ പഠനത്തിന്റെ പൊതു സമീപനങ്ങള്‍ എന്തെല്ലാം?
43. ഇന്ത്യയില്‍  മള്‍ട്ടി ലിംഗ്വലിസം എന്തെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു?
44. സ്റ്റേറ്റ്- സി.ബി.എസ.ഇ – ഐ.സി.എസ.ഇ സിലബസ്സുകള്‍ തമ്മിലുള്ള വ്യതാസമെന്ത്?
45. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന്റെ പാഠ്യ പദ്ധതി എങ്ങനെയുള്ളതായിരിക്കണം?
46. കേരളത്തിലെ ദ്വി ഭാഷാ പദ്ധതി വിവരിക്കുക.
47. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന് ഭാഷാ ക്ലാസുകളില്‍ ഒരു അദ്ധ്യാപകന്‍ സ്വീകരിക്കാവുന്ന ബോധന രീതികള്‍ എന്തെല്ലാം?
48. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന്‍റെ ക്ലാസ്സ്‌ അന്തരീക്ഷം എങ്ങനെയായിരിക്കണം?
49. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ നില്‍ മൂല്യനിര്‍ണ്ണയം എങ്ങനെയായിരിക്കണം?
50. ഡിജിറ്റല്‍ യുഗത്തില്‍ അധ്യാപകന്റെ പങ്കെന്ത്?
51. ഡിജിറ്റല്‍ ടെക്നോളോജി അധ്യാപനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കുക.
52. അദ്ധ്യാപകന്‍ ഒരു ‘ടെക്നോ പെഡഗോഗ്’ ആകുന്നതെപ്പോള്‍?
53. ഭാഷാ പഠനത്തില്‍ ടെക്നോളോജി ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം?
54. ഫോറം, വികി, ബ്ലോഗ്‌ എന്നിവ വിവരിക്കുക.
55. ടീച്ചര്‍ ട്യൂബ്, ഇ ട്വിന്നിംഗ് എന്നിവ വിവരിക്കുക.
56. സൈബര്‍ സെക്യൂരിറ്റി ക്ക് എന്തെല്ലാം ചെയ്യാം? അത് സെര്‍വര്‍ സെക്യൂരിറ്റി യില്‍ നിന്ന എങ്ങനെ വ്യത്യസപ്പെട്ടിരിക്ക്കുന്നു?
57. കോപ്പി അവകാശ നിയമങ്ങള്‍ വിവരിക്കുക.
58. വെര്‍ച്വല്‍ ക്ലാസ്സ്‌ റൂം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
59. സി.സി.ഇ എന്നാലെന്ത്? ഒരു അധ്യാപകന് ഇതിലുള്ള പങ്കെന്ത്?
60. ഗ്രേഡിംഗ് സമ്പ്രദായം വിവരിക്കുക.
61. ചെക്ക് ലിസ്റ്റ്, റുബ്രിക്സ്, പോര്‍ട്ട്‌ ഫോളിയോ എന്നിവ വ്യക്തമാക്കുക.
62. പ്രോഗ്രസ്സ് ടെസ്റ്റ്‌, പ്രൊഫിഷ്യെന്സി ടെസ്റ്റ്‌ എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത്?
63. അധ്യാപക പരിശീലന പരിപാടികള്‍ എന്തെല്ലാം?
64. അധ്യാപകരുടെ തൊഴില്‍പരമായ വളര്‍ച്ചയെ സഹായിക്കുന്ന എജെന്സികള്‍/ സംഘടനകള്‍ ഇതെല്ലാം? അവയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക.
65. ഒരു അദ്ധ്യാപകന്‍ പാലിക്കേണ്ട നീതി/ധര്മ്മങ്ങ്ങ്ങള്‍ എന്തെല്ലാം?
66. അധ്യാപകരുടെ തൊഴില്‍ പരമായ വളര്‍ച്ചക്ക് തടസ്സമാകുന്ന ഘടകങ്ങള്‍ എന്തെല്ലാം?
67. കേരളത്തില്‍ അധ്യാപക നിയമനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
68. ഭാഷാ ഗവേഷണ രംഗത്തെ നൂതന മേഖലകള്‍/സാദ്ധ്യതകള്‍ എന്തെല്ലാം?
69. ടെക്സ്റ്റ്‌ ബുക്ക്‌ അപഗ്രഥനത്തിന്റെ ആവശ്യകതയെന്ത്?
70. ഗവേഷണത്തിനു ഉപയോഗിക്കാവുന്ന ഇലെക്ട്രോനിക് ഉപകരണങ്ങള്‍ എന്തെല്ലാം?





Saturday, December 31, 2016

നിദാന ശോധകം

                                                    നിദാന ശോധകം (DIAGNOSTIC TEST)

             പഠിതാക്കള്‍ക്ക്പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് ' നിദാന ശോധകം' .

           നിദാന ശോധകത്തിന്‍റെ ധര്‍മ്മം, കുട്ടികള്‍ക്ക് നേരിടുന്ന പ്രയാസങ്ങളുടെ ശരിയായ സ്വഭാവം കണ്ടെത്തുകയും മോശമായ പഠന ഫലത്തിനുള്ള കാരണങ്ങള്‍ നിര്‍ണയിക്കുകയുമാണ് .

           നിദാന ശോധകത്തിന്‍റെ ഈ രീതിയിലുള്ള പ്രയോഗം രണ്ടു തലങ്ങളില്‍ പ്രസക്തമാണ്‌. 1. ഒരു പുതിയ പാഠ ഭാഗം അവതരിപ്പിക്കുന്നതിനു മുമ്പ് , 2. ഒരു പാഠ ഭാഗം പഠിപ്പിച്ചു കഴിഞ്ഞ്.

            ആദ്യത്തെ ഘട്ടത്തില്‍ വേണ്ടത്, പുതിയ പാഠ ഭാഗം പഠിപ്പിക്കുന്നത്തിന് ആവശ്യം വേണ്ട മുന്‍ ധാരണകളിലുള്ള അപര്യാപ്തതകളുടെ നിദാനമാണ്‌. ഈ രീതിയെ ' പഠന പൂര്‍വ്വ നിദാന നിര്‍ണ്ണയം' എന്ന് പറയുന്നു. ഇതിനായി നല്‍കുന്ന ശോധകത്തെ 'പഠന പൂര്‍വ നിദാന ശോധകം ' എന്നു പറയാം.

            രണ്ടാമത്തേത് പഠനാനന്തരം  അനുഭവപ്പെടുന്ന പ്രയാസങ്ങളുടെ നിദാന നിര്‍ണ്ണയമാണ്. ഇത് 'പഠനാനന്തര നിദാന നിര്‍ണ്ണയം' എന്നറിയപ്പെടുന്നു. ഇതിനായി നല്‍കുന്ന ശോധനത്തെ 'പഠനാനന്തര നിദാന ശോധകം'  എന്നും പറയാം.

            നിപുണ നിലവാരത്തിലുള്ള കാര്യക്ഷമമായ പഠനം നടക്കണമെങ്കില്‍ ഇവ രണ്ടും ആവശ്യമാണ്.

നിദാന ശോധക നിര്‍മ്മാണം

നിദാന ശോധകത്തിന്‍റെ  നിര്‍മ്മാണത്തില്‍ അഞ്ച് ഘട്ടങ്ങളാണുള്ളത്.

1. ഉദ്ദേശ്യാധിഷ്ഠിതമായ സംവിധാനം:

              സ്വാഭാവികമായിത്തന്നെ പ്രയാസങ്ങള്‍ ലീനമായിട്ടുള്ള പാഠ ഭാഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിന്‍റെ  ഉദ്ദേശ്യം.  സുക്ഷ്മമായ അപഗ്രഥനത്തിലൂടെ പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ക്ക് അത്തരം പാഠ ഭാഗങ്ങള്‍ കണ്ടെത്താനാകും. ഇവയ്ക്ക് ശോധനത്തില്‍ ആപേക്ഷിക പ്രാധാന്യം കൂടുതലായിരിക്കും.

2. പ്രസക്തമായ  പാഠൃ വസ്തുവിന്‍റെ അപഗ്രഥനം:

              ഉള്ളടക്കം സുക്ഷ്മമായി അപഗ്രഥിക്കണം. ഓരോ പാഠ ഭാഗവും പാഠ്യാംശങ്ങളാക്കി അവ വിവിധഘട്ടങ്ങളായി അപഗ്രഥിച്ചുകൊണ്ട് വേണം ഈ ഘട്ടത്തിന്‍റെ തയ്യാറെടുപ്പ്. ഈ ഘട്ടങ്ങളെ കാഠിന്യ നിലവാരത്തിന്‍റെയും യുക്തിപരമായ പൂര്‍വ്വാപര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ക്രമീകരിക്കണം.  അതിയായ ശ്രദ്ധയും ഉള്‍ക്കാഴ്ചയും വേണ്ട ഒരു കാര്യമാണിത്.

3. ചോദ്യങ്ങള്‍ എഴുതിയുണ്ടാക്കല്‍:

             അപഗ്രഥന ഫലമായി കണ്ടെത്തിയ എല്ലാ സുക്ഷ്മ ഘട്ടങ്ങളെയും ഉള്‍ക്കൊള്ളുമാറ് ചോദ്യങ്ങള്‍ നിര്‍മ്മിക്കുക. യുക്ത്യധിഷ്ഠിതമായ ക്രമവും കാഠിന്യ നിലവാരത്തിന്‍റെ തോതും ഒരേ സമയം പരിഗണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ക്രമപ്പെടുത്തുക.

4. ചോദ്യങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കി സമാഹരിക്കുക:

            ചിലപ്പോള്‍ ചോദ്യങ്ങളുടെ ആകെയെണ്ണം വളരെ വലുതായിരിക്കാം. അപ്പപ്പോള്‍ അവയെല്ലാം ചെയ്തു തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ആ സാഹചര്യത്തില്‍ കുട്ടികളുടെ സൗകര്യത്തിനൊത്ത്  ഈ ഇനങ്ങളെ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിക്കാം. ഇങ്ങനെ കിട്ടുന്ന ഓരോ ഉപശോധകവും വ്യത്യസ്ത സമയങ്ങളില്‍ നല്കുകയുമാവാം.

5. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എഴുതിയുണ്ടാക്കുക:

           കുട്ടികള്‍ എന്ത്‌, എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട് .ഒരു ഇനത്തില്‍ പ്രയാസം തോന്നിയാല്‍ അതിനു വേണ്ടി കൂടുതല്‍ സമയം പാഴാക്കാതെ അടുത്തതിലേക്ക് കടക്കാനുള്ള നിര്‍ദ്ദേശവും കൂട്ടത്തില്‍ നല്‍കാവുന്നതാണ് .

നിദാന ശോധക ഫലങ്ങളടെ അപഗ്രഥനം


പ്രയാസങ്ങള്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ പാഠ്യാംശങ്ങള്‍ ഏവയെന്നും ഓരോ പ്രയാസത്തിന്‍റേയും ശരിയായ സ്വഭാവമെന്തെന്നും കണ്ടെത്താന്‍ വേണ്ടി നിദാന ശോധക ഫലങ്ങളെ അപഗ്രഥിക്കേണ്ടതുണ്ട്. ഇത് ശോധകം എഴുതിയ സംഘത്തിന്‍റെ കാര്യത്തിലും, ഓരോ പഠിതാവിന്‍റെ  കാര്യത്തിലും നടത്തണം. സംഘത്തിന് സാമാന്യമായുള്ള പ്രയാസങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വ്യക്ത്യാധിഷ്ഠിത നിദാന നിര്‍ണ്ണയത്തിന്‍റെ  ലക്‌ഷ്യം.
 ഈ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രയാസത്തിന്‍റേയും കാരണം നിര്‍ണ്ണയിക്കേണ്ടതുണ്ട്. അനുഭവ സമ്പത്തിന്‍റെ  ഫലമായി നേടുന്ന നൈപുണ്യവും ഭാവനയും അവശ്യം വേണ്ട ഒരു പ്രക്രിയയാണ്‌.

പരിഹാര ബോധനം നിദാന ശോധകം നൽകി ഫലം അപഗ്രഥിച്ച് നിദാന നിർണ്ണയം നടത്തി കഴി ഞ്ഞാൽ ഉടൻ അവലംബിക്കേണ്ട നടപടിയാണ് പരിഹാര ബോധനം.  പരിഹാര ബോധാനത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടത്. ഉദ്ദേശിക്കുന്ന നിദാന നിര്‍ണയത്തതിന്‍റെ  വ്യാപ്തിക്കും സംഘങ്ങളില്‍ കാണപ്പെട്ട പ്രയാസങ്ങളുടെ വിതരണ സ്വഭാവത്തിനും അനുസരിച്ച് സംഘതിഷ്ഠിതമോ വ്യക്ത്യാധിഷ്ഠിതമോ ആകാം പരിഹാര പരിപാടികള്‍.

കണ്ടെത്തിയ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായ കൂടുതല്‍ പഠനാനുഭവങ്ങളാണ് നല്‍കേണ്ടത്. ഇത്തരം പഠനാനുഭാവങ്ങളുടെ സ്വഭാവം സാമാന്യമായി നിര്‍ദ്ദേശിക്കാന്‍ കഴിയുകയുമില്ല. പ്രയാസത്തിന്‍റേയും കാരണത്തിന്‍റേയും  പ്രത്യേകതയെ ആശ്രയിച്ചാവണം പരിഹാര പരിപാടികള്‍ സ്വീകരിക്കാന്‍. വിജയകരമായ രീതിയില്‍ നല്‍കുന്ന അനുഭവങ്ങളിലൂടെ പിന്നോക്കക്കാരായ പഠിതാക്കളുടെ ആത്മ വിശ്വാസത്തിന്‍റെ  ഉദ്ദീപനത്തിനും, സ്വത്വത്തിന്‍റെ  ഉദ്ഗ്രഥനത്തിനും സഹായകമായ ഒരു മഹത് സേവനമാണ് അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

പ്രശ്ന മേഖല


അദ്ധ്യാപക പരിശീലനത്തിന്‍റെ ഭാഗമായി ഞാന്‍ ............. വിദ്യാലയത്തില്‍ ..... തരം .... ല്‍ പഠിപ്പിക്കുവാന്‍ നിയുക്തയായി.  ഒരു ഏകകം (യൂണിറ്റ്) പഠിപ്പിച്ചതിനു ശേഷം ആ ഏകകത്തിലെ പാഠങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പരീക്ഷ നടത്തുകയുണ്ടായി. ആ പരീക്ഷയില്‍ 80 ശതമാനം കുട്ടികളും വ്യാകരണത്തിലെ 'സന്ധികള്‍' എഴുതുക എന്ന ചോദ്യത്തിന്‍റെ ഉത്തരം തെറ്റിച്ചതായി ശ്രദ്ധയില്‍പെട്ടു. കുട്ടികള്‍ ഈ ഭാഗം തെറ്റിക്കാനുള്ള കാരണം കണ്ടെത്തേണ്ടതും ആ പ്രശ്നം പരിഹരിക്കേണ്ടതുമുണ്ടെന്ന് ബോധ്യമായതിനാല്‍ സന്ധികള്‍ എന്ന ഭാഗത്തെ  നിദാന ശോധകത്തിനുള്ള വിഷയമാകുകയും ആ ഭാഗത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ച് അതിനെ അടിസ്ഥാനമാക്കി ഒരു ചോദ്യാവലി തയ്യാറാക്കുകയും ചെയ്തു.

നിദാന ശോധകം

വിഷയം: മലയാളം
 ഏകകം:
ക്ലാസ്:
ഡിവിഷന്‍:


നിര്‍ദ്ദേശങ്ങള്‍

1.  ഈ പരീക്ഷയില്‍ നിങ്ങളുടെ വിജയ പരാജയങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെ പ്രയാസങ്ങള്‍ കണ്ടെത്തി അവയുടെ പരിഹാരത്തിന് നിങ്ങളെ സഹായിക്കാന്‍ അദ്ധ്യാപകര്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതു മാത്രമാണ് ഇതിന്‍റെ  ലക്‌ഷ്യം.

2. ഇതിനു സമയ പരിധിയില്ല.

ചോദ്യങ്ങള്‍

1. വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവയ്ക്കുണ്ടാകുന്ന മാറ്റത്തിന് ---------- എന്ന് പറയുന്നു.

* വിഭക്തി , * സന്ധി, * സമാസം

2. മലയാളത്തില്‍ എത്ര സന്ധികളുണ്ട് ?

* നാല് , * അഞ്ച് , * ആറ്

3. സന്ധി ചെയ്യുമ്പോള്‍ ഒരു വര്‍ണ്ണം പോയി മറ്റൊരു വര്‍ണ്ണം വന്നു ചേരുന്നതിന് ---------- എന്ന് പറയുന്നു.

* ലോപസന്ധി, * ആഗമസന്ധി, *ആദേശസന്ധി
4. കരി+ഇല എന്നത് ഏതു സന്ധിയാണ് ?

*ആഗമസന്ധി, *ദിത്വസന്ധി, *ലോപസന്ധി
5. ദിത്വ സന്ധിയില്‍ രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം -------.

*ലോപിക്കുന്നു, *ഇരട്ടിക്കുന്നു, * മാറ്റമൊന്നും ഇല്ല
6. അല്ല + എങ്കില്‍ = അല്ലെങ്കില്‍ ഇവിടെ എന്താണ് ലോപിച്ചത്?

*അ , * എ, * ഇ

7. ശരിയായത് തിരഞ്ഞെടുക്കുക.

* വനത്തില്‍ = വന+ ത്തില്‍
* വനത്തില്‍ = വന+ ഇല്‍
* വനത്തില്‍ = വനം+ഇല്‍

8.  ദ്വന്ദ സമാസത്തില്‍ --------- നടക്കുകയില്ല

* ലോപം, *ആഗമം, *ദ്വിതം

9. ഇരുമ്പ്+അഴി ഇവിടെ ഏതു പദമാണ്  പിരിച്ചെഴുതുന്നത്?

*ഇരുമ്പഴി, *ഇരുംപഴി,* ഇരുന്‍പഴി

10.     -------+ചിത്രം = ചലച്ചിത്രം

* ചല, *ചലത്, *ചലച്

പരിഹാരം

നിദാന ശോധകം പരിശോധിച്ചതിനു ശേഷം കുറച്ചു കുട്ടികള്‍ക്ക് മാത്രമേ വ്യാകരണ ഭാഗം ക്ലേശകരമായിരുന്നുള്ളു എന്ന്‍ ബോധ്യപ്പെട്ടു. സിദ്ധി ശോധകത്തിലെ ചോദ്യങ്ങള്‍ മനസ്സിലാകാത്തതോ പഠിപ്പിക്കുമ്പോള്‍ വേണ്ടത്ര ഉദാഹരണങ്ങള്‍ നല്‍കാത്തതോ ആയിരിക്കാം ഉത്തരങ്ങള്‍ തെറ്റിക്കാന്‍ കാരണമായത്.നിദാന ശോധകം അര്‍ത്ഥ വ്യാപ്തി  വരുത്തിയും കൂടുതല്‍ ഉദാഹരണങ്ങള്‍ നല്കിയുമാണ് തയ്യാറാക്കിയത്. ആയതിനാല്‍ ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ശരിയായ ഉത്തരങ്ങള്‍ എഴുതി. തുടര്‍ന്നും ഉത്തരങ്ങള്‍ തെറ്റിച്ചവര്‍ക്ക് വ്യക്തിപരമായി വ്യാകരണ ഭാഗം വിശദീകരിച്ചു കൊടുക്കുകയും കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു.

ഉപസംഹാരം

നിദാന ശോധകം വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാഹ്യമാകാത്ത പാഠ ഭാഗങ്ങള്‍
കണ്ടെത്തുവാനും പരിഹാര മാര്‍ഗ്ഗങ്ങളിലൂടെ അവരെ സഹായിക്കുവാനും ഇതിലൂടെ സാധിക്കുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുവാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും കൂടുതല്‍ തല്പരരാക്കുവാനും അധ്യാപികക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായകമാണ്. അതുകൊണ്ട് തന്നെ നിദാന ശോധകം ബോധനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാകുന്നു.



































Monday, December 19, 2016

പാഠാസൂത്രണം ( LESSON PLAN )

പാഠാസൂത്രണം ( LESSON PLAN )

അദ്ധ്യാപികയുടെ പേര്:

വിദ്യാലയത്തിന്റെ പേര്:

വിഷയം:                                                            മലയാളം

ക്ലാസ്:                                                                  8

പാഠഭാഗത്തിന്റെ പേര്:                            വേദം

തിയ്യതി:

പ്രമേയം:                                                            മാനവികത

പഠനാനന്തര ഫലം :                                       ചിന്താശേഷി വികസനം,
                                                                               സര്‍ഗ്ഗാത്മക വികസനം,
                                                                               മൂല്യ സ്വാംശീകരണം,
                                                                               നുതന സാങ്കേതിക വിദ്യകളുടെ
                                                                               പ്രയോഗം

ആശയം:                                                            ഭക്ഷണത്തിന്റെ പ്രാധ്യാന്യം

നൈപുണികള്‍ :                                            ശ്രദ്ധ, ഭാഷണം, വായന,
                                                                               ലേഖനം,ചിന്താശേഷി, സര്‍ഗ്ഗാത്മകത

ഭാഷാഘടകങ്ങള്‍ :                                       താളത്തിലുംഈണത്തിലും ചൊല്ലാനുള്ള
                                                                               കഴിവ്,ആശയങ്ങള്‍ തിരിച്ചറിയല്‍, 
                                                                               പ്രയോഗങ്ങള്‍,  അലങ്കാര കല്പനകള്‍,
                                                                               ബിംബങ്ങള്‍ എന്നിവ കണ്ടെത്തല്‍

വ്യവഹാര രൂപങ്ങള്‍ :                             ഡയറി കുറിപ്പ്, പ്രസംഗം

 മൂല്യങ്ങള്‍ :                                                   സ്നേഹം, സഹാനുഭുതി,
                                                                              കരുണ, തന്മയീ ഭാവം

പഠനോപകരണങ്ങള്‍:                                 ദൃശൃ - ശ്രാവ്യ മാധ്യമങ്ങള്‍

പ്രക്രിയ                                                                           മൂല്യനിര്‍ണ്ണയം / പ്രതികരണം

കഴിഞ്ഞ ക്ലാസ്സില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അദ്ധ്യാപിക ക്ലാസ് ആരംഭിക്കുന്നു. വായിച്ച് വരുവാന്‍ ആവശ്യപ്പെട്ട വേദം  എന്ന കവിതയുടെ ഓഡിയോ കേള്‍പ്പിക്കുന്നു. 
തുടര്‍ന്ന്‍ അദ്ധ്യാപിക കവിതയിലെ ആശയവും പശ്ചാത്തലവും വിശദീകരിക്കുന്നു. ഈ കവിതയിലെ ബാലന്‍, അവന്റെ ഉമ്മ പട്ടിണി പാവങ്ങള്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ എന്താണ് ചെയ്തത്? ഈ വരികള്‍ ശ്രദ്ധിക്കു. " പിന്നെ ഞാന്‍ വൈകിയില്ലെന്നുടെ ചോറുമായുമ്മതന്‍ പിന്നില്‍ പതുങ്ങിയെത്തി, ഉള്ളലി ഞ്ഞോതിനേന്‍: എന്‍ ചോറുമാ കഞ്ഞി വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളു". തന്റെ ഉമ്മ ഉണ്ണാതെ മറ്റുള്ളവരെ ഊട്ടുന്നത് കണ്ടപ്പോള്‍ അവന്റെ മനസ്സ് വേദനിച്ചു, അവന്‍ ചിന്തിച്ചു, ' എനിക്ക് വേണ്ടുവോളം  ചോറുണ്ടല്ലോ, ഇത് പോലെ കഞ്ഞിക്ക് ഇരന്നു നില്‍ക്കേണ്ടി വന്നില്ലല്ലോ' എന്ന്. എന്നിട്ട് തന്റെ ചോറും കൂടി ആ കഞ്ഞിയില്‍ ഇട്ടുകൊള്ളൂ എന്ന് തന്റെ ഉമ്മയോട് പറഞ്ഞു. അല്ലെ? ആ ബാലന്റെ സ്ഥാനത്ത്  നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു? കവിതയിലെ ബാലന്‍ നിങ്ങള്‍ ആണെന്ന്‍ സങ്കല്‍പ്പിച്ച് ഒരു ഡയറി എഴുതി നോക്കിയാലോ? 

പ്രവര്‍ത്തനം 1.

കവിതയിലെ ബാലന്‍ നിങ്ങള്‍ ആണെന്ന്‍ സങ്കല്‍പ്പിച്ച് ഒരു ഡയറി കുറിപ്പ് എഴുതുക.

ചോദ്യങ്ങള്‍ 

1. എന്തിനാണ് ആ ബാലന്‍ ഉണ്ണാതെ എഴുന്നേറ്റു പോയത്?
2. ഉമ്മ എന്താണ് ചെയ്തിരുന്നത്?
3. ഉമ്മയുടെ പ്രവൃത്തി കണ്ടപ്പോള്‍ അവന് എന്ത് തോന്നി?
4. കവിതയുടെ പശ്ചാത്തലമെന്താണ്‌?

അദ്ധ്യാപിക , വിദ്യാര്‍ഥികള്‍ എഴുതിയ ഡയറിക്കുറിപ്പ്‌ വായിപ്പിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തതിനു ശേഷം ആശയത്തെ ക്രോഡീകരിക്കുന്നു.

ക്രോഡീകരണം

1. വിശക്കുന്നവന്റെ ദൈവം അപ്പമാണ് .
2. വിശക്കുന്നവന് ഭക്ഷണം നല്‍കുക എന്നതാണ് ഏറ്റവുംപുണ്യമായ കര്‍മ്മം.
3. അന്യന്റെ വേദന സ്വന്തം വേദനയായി കാണാന്‍ കഴിയണം .

ഈ കവിതയിലെ ബാലനെ പോലെ നിങ്ങള്‍ നിങ്ങളുടെ അമ്മ ഉണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണത്തിന് മുമ്പില്‍ മുഖം കറുപ്പിച് ഇരിക്കാറില്ലേ? അമ്മ കൊടുത്തയക്കുന്ന ഭക്ഷണം നിങ്ങള്‍ പലപ്പോഴും കളയാറില്ലേ? അങ്ങനെ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും കളയുമ്പോഴും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്തവരെ കുറിച്ച്? വിവാഹം, പാര്‍ട്ടി എന്നിങ്ങനെയുള്ള ആഘോഷങ്ങളില്‍ എത്രയോ ഭക്ഷണം നാം പാഴാക്കി കളയുന്നു അല്ലെ? ഈ വിഡിയോ ഒന്ന് ശ്രദ്ധിക്കു. (വീഡിയോ പ്രദര്‍ശിപ്പിക്കുന്നു )
ലോകത്തിന്റെ പല കോണുകളിലും ഇന്നും പട്ടിണികൊണ്ട് വലയുന്ന ആളുകളുണ്ട്. അതുകൊണ്ട് ഓരോ വറ്റ് കളയുമ്പോഴും നാം ഓര്‍ക്കണം ഒരു പിടി അന്നത്തിനായി വിശക്കുന്ന വയര്‍ എവിടെയോ കാത്തിരിപ്പുണ്ടെന്ന്. ഇതില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലായല്ലോ ഏറ്റവും മഹത്തായ ദാനം അന്നദാനം ആണെന്ന്‍. ഈ തിരിച്ചറിവ് നിങ്ങളുടെ വിദ്യാലയത്തിലെ മറ്റു കുട്ടികളെ അറിയിക്കുന്നതിന്  നിങ്ങള്‍ അംഗമായിരിക്കുന്ന സാമൂഹിക സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കുവാന്‍ പ്രസംഗം തയ്യാറാക്കുക. 

പ്രവര്‍ത്തനം 2.

'ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ ദാനം അന്നദാനം ' എന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനായി ഒരു പ്രസംഗം തയ്യാറാക്കുക.

ചോദ്യങ്ങള്‍

1. വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം പാഴാക്കുന്നത് എങ്ങനെ തടയാം? 
2. ആഘോഷങ്ങളില്‍ ഭക്ഷണം എങ്ങനെ ക്രമീകരിക്കാം?
3. പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാം?

കുട്ടികള്‍ തയ്യാറാക്കിയപ്രസംഗം ക്ലാസ്സില്‍ അവതരിപ്പിക്കുവാന്‍ അദ്ധ്യാപിക അവസരം നല്‍കുന്നു. വിദ്യാര്‍ഥികളെ അഭിനന്ദിച്ച ശേഷം ആശയത്തെ ക്രോഡീകരിക്കുന്നു.

ക്രോഡീകരണം

1. വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരവും ആവശ്യവുമാണ് .
2. ഭക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയത്.
3. മനുഷ്യരുടെ വിവേക ശൂന്യമായ പ്രവര്‍ത്തനങ്ങളാണ് പട്ടിണിക്ക് കാരണമാകുന്നത്. 
4. പങ്കു വയ്ക്കലിലൂടെ  പട്ടിണിയെ മറി കടക്കാം.

 ഇനി ഈ വീഡിയോ നോക്കു. (വീഡിയോ പ്രദര്‍ശിപ്പിക്കുന്നു ).
ഇതുപോലെ നിങ്ങള്‍ വിചാരിച്ചാല്‍ ഭക്ഷണം പാഴാക്കി കളയാതെ പട്ടിണി പാവങ്ങളെ സഹായിക്കാന്‍ കഴിയില്ലേ? നമ്മള്‍ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ ഒരംശം മതി എത്രയോ ജനങ്ങളുടെ പട്ടിണിയകറ്റാന്‍. അതുകൊണ്ട് ഇനിയൊരിക്കലും ഭക്ഷണം വെറുതെ കളയുകയില്ല എന്നും പാവങ്ങള്‍ക്ക് ആവുന്ന വിധത്തില്‍ സഹായങ്ങള്‍ നല്‍കുമെന്നും നിങ്ങള്‍ പ്രതിജ്ഞയെടുക്കണം.  അതിനായി അടുത്ത ക്ലാസില്‍ വരുമ്പോള്‍ ഒരു പ്രതിജ്ഞ തയ്യാറാക്കി വരുക.

തുടര്‍പ്രവര്‍ത്തനം

ഭക്ഷണം പാഴാക്കി കളയാതിരിക്കുവാനും പാവങ്ങളെ സഹായിക്കുവാനും ഒരു പ്രതിജ്ഞ തയ്യാറാക്കുക. 

പ്രതിഫലനം